ഡോണിഗള്‍ കൗണ്ടിയില്‍ പ്രാദേശിക ലോക്ഡൗണിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ്. കോവിഡ് കേസുകളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടായാല്‍ അത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മന്ത്രി പിപ്പാ ഹാക്കറ്റ് ആണ് മുന്നറിയിപ്പ് നല്‍കിയത്. അയര്‍ലണ്ടിലെ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഡോണിഗളില്‍ കോവിഡ് കേസുകള്‍ കൂടുതലാണ്.
ആരോഗ്യ മന്ത്രി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായും ഡോണിഗളില്‍ നിന്നുള്ള പ്രതിനിധികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഹാക്കറ്റ് ഇക്കാര്യം പറഞ്ഞത്. ഇവിടുത്തെ ജനങ്ങളുമായി ചേര്‍ന്നു മാത്രമെ ഇത്തരമൊരു കാര്യം നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ രാജ്യം ഡോണിഗളിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും.കോവിഡ് വ്യാപനം തടയാന്‍ റാപ്പിഡ് ടെസ്റ്റിംഗ് അടക്കം എല്ലാവിധത്തിലുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വീകരിക്കുമെന്നും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും ഹാക്കറ്റ് പറഞ്ഞു.