കൊറോണ വൈറസ് പടരുന്നത് തടയാൻ ഏർപ്പെടുത്തിയ ചലനത്തിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇരുപത്തിനാലുകാരനായ ഒരാളെ വെക്സ്ഫോർഡിലെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ മാസം അയർലണ്ടിൽ സർക്കാർ കൊണ്ടുവന്ന പുതിയ അടിയന്തര നിയമപ്രകാരം കുറ്റകൃത്യങ്ങൾ ചുമത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ.
റൊമേനിയക്കാരനായ ഇയാൾ എനിസ്കോർത്തിയിലെ മൈൽ ഹൗസ് റോഡിനടുത്താണ് താമസിക്കുന്നത്.
കഴിഞ്ഞ മാസം നിലവിൽ വന്ന അടിയന്തര നിയമപ്രകാരം സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന രണ്ട് ആരോപണങ്ങൾ ഇയാൾ നേരിടുന്നു.
ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ നിന്നായി രണ്ട് തവണ ഗാർഡ അദ്ദേഹത്തെ തടഞ്ഞു. ആദ്യത്തേത് ദുഃഖ വെള്ളിയാഴ്ച്ചയും രണ്ടാമത് ഈസ്റ്റർ ദിനത്തിലുമാണ് ഇയാൾ ഗാർഡ ചെക്കിങ്ങിൽ പിടിയിലായത്.
ഡ്രൈവിംഗ് ലൈസൻസും ഓടിച്ചിരുന്ന കാറിന് ഇൻഷുറൻസും ഇല്ലായിരുന്നു എന്ന പേരിൽ വേറെയും കുറ്റങ്ങൾ ഇയാൾക്കെതിരെ ഗാർഡ ചുമത്തിയിട്ടുണ്ട്.