നീനാ (കൗണ്ടി ടിപ്പററി ): കഴിഞ്ഞ ഒരുവർഷത്തിലേറെയായി കൊറോണയുടെ താണ്ഡവം തുടങ്ങിയിട്ട് ,അതിന്നും അവസാനിച്ചിട്ടുമില്ല .ഒരുപക്ഷെ ഈയൊരു മഹാമാരി മാനസികമായി ഏറ്റവുമധികം പിടിച്ചുലച്ച ഒരു വിഭാഗം പ്രവാസികൾ ആണെന്ന് നിസംശയം പറയാം.നാട്ടിൽ പോകാനോ ,എന്തിനേറെ ഒരേ സ്ഥലത്തു താമസിക്കുന്ന സുഹൃത്തുക്കളെപോലും കാണാൻ പറ്റാതെ,തികച്ചും ഒറ്റപ്പെട്ട കുടുംബങ്ങളായി കഴിയുന്ന അവസ്ഥ .
ഈ മനസു മടുപ്പിക്കുന്ന ഏകാന്ത ജീവിതത്തിനിടയിൽ വേറിട്ട രീതിയിൽ നടത്തിയ കലാ കായിക മത്സരങ്ങളിലൂടെ ശ്രദ്ധേയരായിരിക്കുകയാണ് നീനയിലെ കൈരളി അസോസിയേഷൻ .അംഗങ്ങൾക്ക് മാനസികവും ശാരീരികവുമായ ഉണർവ് സമ്മാനിക്കുവാൻ ഇതുമൂലം കൈരളി നേതൃത്വത്തിന് സാധിച്ചു .അയർലണ്ടിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വെർച്യുൽ മത്സരങ്ങൾ നടത്തപ്പെടുന്നതെന്നും,ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റ് അസോസിയേഷനുകൾ മുന്നോട്ടുവരുന്നത് സന്തോഷകരമാണെന്നും കൂടുതൽ അസോസിയേഷനുകൾ ഇനിയും ഇത്തരത്തിൽ മുന്നോട്ടു വരട്ടെ എന്നും കൈരളി അസോസിയേഷൻ പ്രസിഡന്റ് ‘റിനുകുമാരൻ രാധാനാരായണൻ’പറഞ്ഞു .
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി സ്മൈലിങ് ,ഡ്രോയിങ് ,പെയിന്റിംഗ് ,ഫോട്ടോഗ്രഫി എന്നിവയും മുതിർന്നവർക്കായി പുരുഷന്മാർക്കായി പുഷ്അപ് ചലഞ്ച് ,കൂടാതെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നടപ്പു മത്സരം ,guess the sound ചലഞ്ച് എന്നിവയും നടത്തപ്പെട്ടു .മുതിർന്നവരുടെ മത്സരങ്ങളിലെല്ലാം ഒരു മാസം വീതം നീണ്ടുനിന്ന വീറും വാശിയുമേറിയ പ്രകടനങ്ങൾക്കൊടുവിലാണ് വിജയിയെ കണ്ടെത്തിയത്.
ഗവണ്മെന്റിന്റെ ‘keep well campaign’ നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എല്ലാ തലമുറകളിലും ഉള്ളവരെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള മത്സരങ്ങൾ നടത്തി കൈരളി അംഗങ്ങളുടെ ശാരീരിക,മാനസിക ആരോഗ്യം നിലനിർത്താനും പരിപോഷിപ്പിക്കുവാനും സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്നും കോവിഡ് കാലത്ത് ഇത്തരത്തിൽ മത്സരങ്ങൾ നടത്തിയതിന് ഗവൺമെന്റിൽ നിന്നും ഗ്രാൻഡ് ലഭിച്ചതായും പ്രസിഡണ്ട് റിനുകുമാരൻ കൂട്ടിച്ചേർത്തു .ജനുവരി ആദ്യം തുടങ്ങി മാർച്ച് അവസാനം സമാപിച്ച ഈ മത്സരങ്ങൾ നീനാ കൈരളി അംഗങ്ങളിലുണ്ടാക്കിയ ഉണർവ് ചെറുതല്ല .
കൈരളി കമ്മറ്റി പ്രസിഡന്റ് റിനുകുമാരൻ രാധാനാരായണൻ ,അംഗങ്ങളായ വിമൽ ജോൺ ,വിശാഖ് നാരായണൻ ,വിനീത പ്രമോദ് ,അഞ്ജിത എബി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി .
വാർത്ത : ജോബി മാനുവൽ
Share This News