അയർലണ്ടിന്റെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ ഇന്ത്യയെയും ഇറാനെയും ഉൾപെടുത്താൻ ഐറിഷ് ഗവണ്മെന്റ് ഒരുങ്ങുന്നു. ആരോഗ്യവകുപ്പ് പരിഗണിക്കുന്ന നിർദേശങ്ങൾ പ്രകാരം, ഈ രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഒരു നിശ്ചിത ഹോട്ടലിൽ കുറഞ്ഞത് 12 ദിവസമെങ്കിലും ക്വാറന്റൈനിൽ കഴിയേണ്ടതായി വരുമെന്നാണ് വിലയിരുത്തുന്നത്. നടപടിയെടുക്കാൻ സ്റ്റീഫൻ ഡൊണെല്ലിക്ക് ഐറിഷ് മന്ത്രിസഭയുടെ അനുമതി ആവശ്യമില്ല, എന്നിരുന്നാലും ഈ പട്ടിക വീണ്ടും പുനഃക്രമീകരിക്കാൻ അദ്ദേഹം കാബിനറ്റ് സഹപ്രവർത്തകരെ അറിയിക്കും. മംഗോളിയ ഉൾപ്പെടെ മറ്റ് പല രാജ്യങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് -19 ന്റെ പുതിയ വേരിയന്റുകൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോൾ 71 രാജ്യങ്ങളുണ്ട്. ആഫ്രിക്ക, സൗത്ത് അമേരിക്ക, ഏഷ്യ കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, യൂറോപ്പിലെ ചില രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.. ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ അയർലണ്ടിൽ എത്തുമ്പോൾ ഹോട്ടലുകളിൽ ക്വാറന്റൈനിൽ തുടരണം.
തുടർച്ചയായ ആറാം ദിവസവും 300,000 ത്തിലധികം കോവിഡ് -19 കേസുകൾ ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ അയർലണ്ടിന്റെ “പിന്തുണ” പ്രകടിപ്പിച്ചതിന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ നന്ദി പ്രകടിപ്പിച്ചെങ്കിലും തന്റെ രാജ്യം “ഗുരുതരമായ” അവസ്ഥയിലാണെന്നും കൂടുതൽ പിന്തുണ ആവശ്യമാണെന്നും മുന്നറിയിപ്പ് നൽകി.