വൺ-ഷോട്ട് ജോൺസൺ & ജോൺസൺ വാക്സിൻ 50 വയസും അതിന് മുകളിലുമുള്ളവർക്കും അയർലണ്ടിൽ ലഭ്യമാക്കുവാൻ നീക്കം. NIAC ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാനാണ് ജോൺസൺ & ജോൺസൺ വാക്സിൻ റെക്കമെന്റ് ചെയ്തത്. അന്തിമ തീരുമാനം ഉടൻ തന്നെ അറിയിക്കും. 50 വയസ്സിനു മുകളിലുള്ളവർക്ക് അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ലഘൂകരിക്കാനും NIAC ശുപാർശ ചെയ്തിട്ടുണ്ട്. നേരത്തെ ഇത് 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
600,000 ഡോസ് വാക്സിൻ നൽകേണ്ട എച്ച്എസ്ഇയ്ക്ക് ഇത് ഒരാശ്വാസകരമായ കാര്യമാണ്. ഒറ്റ ഷോട്ടിൽ നൽകുന്ന ജോൺസൺ & ജോൺസൺ വാക്സിന് രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ജോൺസൺ & ജോൺസൺ വാക്സിൻ എല്ലാ മുതിർന്നവർക്കും എത്തിച്ച്നൽകുവാൻ ഇതിനകം തന്നെ തീരുമാനിച്ചു കഴിഞ്ഞു.
കഴിഞ്ഞയാഴ്ച യൂറോപ്പിലെ ഡ്രഗ് റെഗുലേറ്റർ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ), ജോൺസൺ & ജോൺസൺ വാക്സിനും അപൂർവമായ രക്തം കട്ടപിടിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്നും എന്നാൽ മരുന്നിന്റെ പ്രയോജനങ്ങൾ അതിന്റെ അപകടസാധ്യതകളെ മറികടക്കുമെന്നും പറഞ്ഞു. വാക്സിൻ ലഭിച്ച ആളുകൾക്കിടയിൽ കുറഞ്ഞ അളവിലുള്ള രക്ത പ്ലേറ്റ്ലെറ്റുകളുമായി ബന്ധപ്പെട്ട അസാധാരണമായ രക്തം കട്ടപിടിച്ചതായി യുഎസിൽ നിന്നുള്ള വളരെക്കുറച്ച് റിപ്പോർട്ടുകളെത്തുടർന്ന് ജോൺസൺ & ജോൺസൺ വാക്സിൻ EMA പരിശോധിച്ചിരുന്നു. ഏപ്രിൽ 13 വരെയുള്ള കണക്കുകൾ അനുസരിച്ച്, യുഎസിലെ 7 ദശലക്ഷത്തിലധികം ആളുകൾക്ക് ജോൺസൺ & ജോൺസൺ വാക്സിൻ ലഭിച്ചു.