ഇന്നലെവരെയുള്ള കണക്കനുസരിച്ച് അയർലണ്ടിൽ പുതിയ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് കീഴിൽ 26 ബുക്കിംഗുകൾ നടന്നു. അതിൽ ആറ് ബുക്കിംഗുകൾക്ക് മാർച്ചിലാണ് ചെക്ക്-ഇൻ, 15 എണ്ണം ഏപ്രിലേക്കും, അഞ്ച് എണ്ണം മെയ്-ലേക്കും എന്ന നിലയിലാണ്. നിർബന്ധിത ക്വാറന്റൈൻ സംവിധാനം 14 ദിവസമാണ്, ഈ വെള്ളിയാഴ്ച മുതലാണ് അത് പ്രാബല്യത്തിൽ വരുന്നത്, ബുക്കിംഗ് പോർട്ടൽ ഇന്നലെ രാവിലെ മുതൽ ആക്റ്റീവ് ആയി. കോവിഡ് -19 ന് ആവശ്യമായ നെഗറ്റീവ് പിസിആർ പരിശോധനയില്ലാതെ അയർലണ്ടിൽ എത്തുന്ന ഏതൊരു യാത്രക്കാരനും ഈ നിയമങ്ങൾ ബാധകമാണ്.
അയർലണ്ടിൽ നേരത്തെ സൂചിപ്പിച്ചിട്ടുള്ള 33 രാജ്യങ്ങളിൽ ഒന്നിൽ നിന്ന് വരുന്ന ഒരു യാത്രക്കാരന്റെ ഹോട്ടൽ ക്വാറന്റൈൻ ചെലവ് 12 രാത്രികൾക്ക് 1,875 യൂറോയാണ്. അതായത് യാത്രക്കാരുടെ ഒരു ദിവസത്തെ നിരക്ക് € 150 ആയിരിക്കും. 14 ദിവസത്തെ ക്വാറന്റൈൻ കാലയളവിൽ ഒരു യാത്രക്കാരൻ പോസിറ്റീവ് ആണെന്ന് പരിശോധിച്ചാൽ നിർബന്ധിത ക്വാറന്റൈൻ നീട്ടാമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണെല്ലി അറിയിച്ചു. എന്നാൽ, സാധാരണ ക്വാറന്റൈൻ കാലയളവ് നീട്ടുന്ന സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അധികച്ചെലവ് ഗവണ്മെന്റ് വഹിക്കും എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.