അയര്‍ലണ്ടില്‍ ഭവനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി വീടുകളുടെ വില വര്‍ദ്ധിച്ചേക്കുമെന്ന് സൂചനകള്‍. അയര്‍ലണ്ടിലെ കെട്ടിട നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഐറിഷ് ഹോം ബില്‍ഡേഴ്‌സ് അസോസിയേഷനാണ് സര്‍വ്വേ നടത്തിയത്. ഭവന നിര്‍മ്മാണ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതാണ് വീടുകളുടെ വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനൊപ്പം കോവിഡിനെ തുടര്‍ന്ന് കെട്ടിടങ്ങളുടെ പണികള്‍ തടസ്സപ്പെട്ടതും. നിര്‍മ്മാണ സാമഗ്രികള്‍ കൃത്യസമയത്ത് ലഭിക്കാത്തതും ബ്രക്‌സിറ്റിനെ തുടര്‍ന്ന് ഇറക്കുമതി അടക്കമുള്ള മേഖലകളില്‍ പുതുതായി ഉണ്ടായ നടപടി ക്രമങ്ങളും കെട്ടിട നിര്‍മ്മാണത്തിനുള്ള ചെലവ് വര്‍ദ്ധിപ്പിച്ചു. ഇത് വീടുകള്‍ വാങ്ങുന്നവരേയും ബാധിക്കും.
ഇത്തരം പ്രശ്‌നങ്ങള്‍ മൂലം കെട്ടിട നിര്‍മ്മാണത്തില്‍ തടസ്സം നേരിട്ടതിനാല്‍ വിടുകളുടെ ലഭ്യതയില്‍ കുറവുണ്ടെന്നും ഇതും വില വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു ഇപ്പോഴത്തെ കണക്കുകളനുസരിച്ച് 15000 യൂറോ വരെ വര്‍ദ്ധിക്കാനാണ് സാധ്യത. ഇങ്ങനെ വില വര്‍ദ്ധിച്ചാല്‍ അത് ഭവന വായ്പകളേയും ബാധിക്കും. ലോണ്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം.