അയർലണ്ടിലെ മാർത്തയുടെ നാപ്കിനുകൾ ഒരു സോഷ്യൽ മീഡിയ ഹിറ്റായി മാറുന്നു. മീത്ത് കൗണ്ടിയിലെ ഒരു സ്ത്രീയുടെ നാപ്കിൻ ചിത്രങ്ങളും അവയുടെ പിന്നിലെ കഥയും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നു. മാർത്ത ഫിറ്റ്‌സ്‌പാട്രിക് കഴിഞ്ഞ രണ്ട് വർഷമായി മകൾ ഐൽബെ കോമർഫോർഡിനായി ലഞ്ച്ബോക്‌സ് നാപ്കിനുകളിൽ രസകരമായ രേഖാചിത്രങ്ങൾ വരയ്ക്കുന്നു.
പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന ഐൽബെ വളരെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെ കടന്നു പോവുകയാരിരുന്നു. ഇത് അവളെ സ്കൂളിൽ പോകാൻ അസന്തുഷ്ടയാക്കി. ഇത് തിരിച്ചറിഞ്ഞ അവളുടെ അമ്മ മാർത്ത കണ്ടു പിടിച്ച ഒരു ഉപാധിയായിരുന്നു നാപ്കിനുകളിൽ ചിത്രങ്ങൾ വരയ്ക്കുക എന്നുള്ളത്. ഐൽബെയെപ്പറ്റി കരുതലുള്ളവർ ഉണ്ടെന്ന് അവൾക്ക് ഒരു തോന്നൽ ഉണ്ടാവാൻ വേണ്ടിയാണ് എല്ലാ ദിവസവും ഇങ്ങനെ ഒരു സർപ്രൈസ് അമ്മയായ മാർത്ത ഒരുക്കിയത്. ലഞ്ച് ടൈമിന് മുൻപ് ലഞ്ച് ബോക്സ് തുറക്കാൻ ഐൽബെയ്ക്ക് അനുമതിയില്ലായിരുന്നു. ഇത് അവളിലെ ആകാംഷ വളർത്തി. തുടർന്ന് അവൾക്ക് സ്കൂളിൽ പോകാൻ ഇഷ്ടമായിതുടങ്ങി. ഇപ്പോൾ സ്കൂളിൽ പോകാതിരിക്കുന്നതാണ് ഐൽബെയ്ക്ക് സങ്കടം.
മാർത്തയുടെ ഭർത്താവും ഹാസ്യനടനുമായ ഐഡൻ കോമർഫോർഡ് അടുത്തിടെ ട്വിറ്ററിൽ ഡ്രോയിംഗുകളുടെ ഫോട്ടോകൾ പങ്കിട്ടു. അങ്ങനെയാണ് ഈ വാർത്തയും ചിത്രങ്ങളും വൈറലായത്. @MarthasNapkins അക്കൗണ്ടിന് ഇപ്പോൾ 3,700 ൽ അധികം അനുയായികളുണ്ട്.