വർണവിസ്മയങ്ങൾ തീർത്ത് നീനാ കൈരളിയുടെ ‘ഓണവില്ല് 2019’

നീനാ (കൗണ്ടി ടിപ്പററി): സമത്വവും സാഹോദര്യവും വിളിച്ചോതുന്ന മറ്റൊരു ഓണക്കാലം കൂടി കടന്നുപോയി.
സൗഹൃദവും ഒരുമയും ഊട്ടിയുറപ്പിച്ചും, കുട്ടിക്കാലത്തെ മധുര സ്മരണകൾ പരസ്പരം പങ്കുവെച്ചും നീനാ കൈരളി ഇത്തവണയും ഓണം കൊണ്ടാടി.

നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് നടന്ന ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾ ‘ഓണവില്ല് 2019’ പാരമ്പര്യത്തനിമയും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു.

തിരുവാതിര,ഓണപ്പാട്ട്,മലയാളമങ്കമാർ അണിയിച്ചൊരുക്കിയ നൃത്തം, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേല്‍ക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ വർണ വിസ്മയം തീർത്തു.

ആഘോഷ ദിവസം നടന്ന വിവിധ ഓണക്കളികൾ പങ്കെടുത്തവരെയും, കാണികളെയും ഒരുപോലെ ആവേശക്കൊടുമുടിയിൽ എത്തിച്ചു.
ഉച്ചയ്ക്ക് നടന്ന ഓണസദ്യ ഏവരെയും രുചിയുടെ അത്ഭുതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

കൈരളി അംഗങ്ങള്‍ നാല് ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ഒരു മാസമായി വിവിധ മത്സരങ്ങളില്‍ വാശിയോടെ പങ്കെടുത്തു വരികയായിരുന്നു.
വിജയിച്ച ടീമിനുള്ള ട്രോഫിയും, വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തതോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

https://www.facebook.com/AvinashJinson/videos/912197002497179/

പാരമ്പര്യത്തനിമയോട് കൂടിയ ആഘോഷങ്ങള്‍ ഏവരെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകുകയും ഒപ്പംതന്നെ പുതുതലമുറയ്ക്ക് ഓണത്തിന്റെ സന്ദേശവും, ഒരുമയും സാഹോദര്യവും കാട്ടികൊടുക്കുകയും ചെയ്തു എന്നതില്‍ സംശയമില്ല.

2018-’19 വര്‍ഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2019-’20 വർഷത്തെ നീനാ കൈരളിയുടെ ഭാരവാഹികളായി റിനു കുമാരൻ രാധാനാരായണൻ, വിമൽ ജോൺ, വിശാഖ് നാരായണൻ, വിനീതാ പ്രമോദ്, അഞ്ജിത എബി എന്നിവരെ തെരെഞ്ഞെടുത്തു.

Share This News

Related posts

Leave a Comment