ഫെബ്രുവരി മാസം പലർക്കും പലവിധത്തിലാണ്. എന്നിരുന്നാലും വാലന്റൈൻസ് ദിനം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ഈ വാലന്റൈൻസ് ദിനവും അയർലൻഡും തമ്മിൽ ഒരു ബന്ധം ഉണ്ടെന്നത് എത്രപേർക്കറിയാം?
സെന്റ് വാലന്റൈൻ ആരാണ്?
എ.ഡി. 3 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. റോമിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. റോമൻ കത്തോലിക്കാ സഭ ഇപ്പോഴും ഒരു വിശുദ്ധനായി തന്നെ വാലന്റൈനെ കാണുന്നു. 1969ൽ ജനറൽ റോമൻ കലണ്ടറിൽ നിന്നും വാലന്റ്റൈന്റെ പേര് നീക്കം ചെയ്തിരുന്നു. 496 AD മുതലാണ് വാലന്റൈൻസ് ദിനമാഘോഷം ആരംഭിച്ചത്.
ഐറിഷ് ബന്ധം
ഫാദർ ജോൺ സ്പ്രട്ട് എന്ന ഐറിഷ് വൈദികൻറെ ജീവിതവുമായി ചേർന്നാണ് അയർലൻഡിന് വാലന്റൈൻസ് ദിനവുമായി ഒരു ബന്ധം ഉണ്ടായത്. 1836 ൽ ഫാദർ ജോൺ സ്പ്രട്ട് റോമിൽ നല്ല ഒരു പ്രസംഗം നടത്തുകയും കേട്ടിരുന്നവർക്കെല്ലാം ആ പ്രസംഗം അത്യധികം ബോധിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി റോമിലെ പല പ്രമുഖരിൽ നിന്നും ധാരാളം സമ്മാനങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പായുടെ കൈയിൽ നിന്നും ഫാദർ ജോൺ സ്പ്രട്ടിനൊരു സമ്മാനം ലഭിക്കുകയുണ്ടായി.
സ്വാഭാവികമായും മാർപാപ്പയുടെ കൈയിൽ നിന്നും ലഭിച്ച സമ്മാനത്തിന് ഒരു പ്രത്യേക പകിട്ട് കാണാതിരിക്കുമോ… ആ സമ്മാനം മറ്റൊന്നുമായിരുന്നില്ല സെയിന്റ് വാലന്റ്റൈന്റെ ഭൗതീകാവശിഷ്ടത്തിൽ (റെലിക്) നിന്നും ഒരു ഭാഗം.
ഫാദർ ജോൺ സ്പ്രട്ട് ഈ റെലിക് അയർലണ്ടിൽ കൊണ്ടുവന്ന് ആൻജിയർ സ്ട്രീറ്റിലുള്ള കാർമ്മലൈറ്റ് പള്ളിയിൽ സ്ഥാപിച്ചു. പഴയ വൈറ്റ് ഫ്രൈയർ സ്ട്രീറ്റ് ആണ് ഇന്നത്തെ ആൻജിയർ സ്ട്രീറ്റ് എന്നറിയപ്പെടുന്നത്. ഇതിന്നും അവിടെത്തന്നെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഈ ദേവാലയം പൊതുജനത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. സെന്റ് വാലന്റൈനോട് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഏതു ദിവസം വേണമെങ്കിലും ഇവിടെ ചെന്ന് പ്രാർത്ഥിക്കാവുന്നതാണ്.