അയര്‍ലണ്ടില്‍ 59 വയസ്സുള്ളവര്‍ക്കും ഇനി കോവിഡ് പ്രതിരോധ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. ഇതാനായുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ 60 വയസ്സ് കഴിഞ്ഞവര്‍ക്കായിരുന്നു ഈ സൗകര്യമുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 59 വയസ്സുമുതല്‍ എന്നാക്കിയിരിക്കുന്നത്. 50 വയസ്സ് മുതല്‍ 59 വയസ്സ് വരെ ഉള്ളവര്‍ക്ക് വരുന്ന 10 ദിവസത്തിനുള്ളില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നത്.
മുതിര്‍ന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കാനുള്ള ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് അംഗീകരിച്ചതോടെയാണ് 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏറ്റവും പ്രായം കൂടിയവര്‍ മുതല്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയത്. രാജ്യത്ത് ലഭ്യമാകുന്ന നാല് വിധത്തിലുള്ള കോവിഡ് പ്രതിരോധ വാക്‌സിനുകളും 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാം എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ ഉള്ളത്.
എന്നാല്‍ ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ മാത്രമാണ് 50 വയസ്സിന് താഴയുള്ളവര്‍ക്ക് നല്‍കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ഏറെ ആശ്വാസകരമാണ്.