ലോക്ക് ഡൗണിൽ യൂട്യൂബ് ചാനൽ തുടങ്ങിയ അയർലണ്ടിലെ കുട്ടി സഹോദരിമാർ

പുതിയതായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് എസ്സമരിയ ഫെർണാണ്ടസ്‌ എന്ന നാലര വയസുകാരിയും ഈവ് മരിയ ഫെർണാണ്ടസ് എന്ന രണ്ടര വയസുകാരിയും. ചാനൽ തുടങ്ങി ആദ്യ മൂന്ന് ദിവസംകൊണ്ട് തന്നെ നൂറിലധികം സബ്സ്ക്രൈബേഴ്സിനെ നേടിയ ഈ കുട്ടി സഹോദരങ്ങൾ കൂടുതൽ വിഡിയോകൾ അവരുടെ പ്രേക്ഷകർക്കായി ഒരുക്കുന്നുണ്ട്.

 

Essa & Eve എന്നാണ് ഈ കുഞ്ഞു സഹോദരിമാരുടെ യൂട്യൂബ് ചാനലിന്റെ പേര്. ഷിനോജ് ഫെർണാണ്ടസ് – ജിയ ജേക്കബ് എന്നീ മലയാളി ദമ്പതികളുടെ രണ്ട് മക്കളാണിവർ. അയർലണ്ടിലെ ഡബ്ലിൻ 4 ലാണ് ഇവർ താമസിക്കുന്നത്. ഫ്രന്റ് ലൈൻ സ്റ്റാഫാണ് ഇവരുടെ മാതാവായ ജിയ.

ഈ സെപ്റ്റംബറിൽ എസ്സ ജൂനിയർ ഇൻഫന്റ്‌സിലും ഈവ പ്ലേയ് സ്കൂളിലും അവരുടെ അധ്യയന വർഷം ആരംഭിക്കാനിരിക്കുകയാണ്. ഇവർ അയർലണ്ടിൽ എത്തിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ.

ലോക്ക് ഡൗൺ കാരണം വീടിന്റെ പുറത്തിറങ്ങാൻ പറ്റാതെ വന്നപ്പോൾ ചെറിയ വിഡിയോകളും, ടിക്‌ടോക്കും മമ്മിയുടെ ഫോണിൽ ചെയ്തു തുടങ്ങിയതാണിവർ. എസ്സ സ്വന്തമായി എടുത്ത വീഡിയോ പ്രസന്റേഷൻ സ്കിൽ കണ്ടിട്ടാണ് ഇങ്ങനെയൊരു ചാനൽ തുടങ്ങാൻ ഇവർക്ക് പ്രചോദനമായത്.

കുട്ടികൾ തനിയെ എടുക്കുന്ന വിഡിയോകൾക്ക് കുറച്ചു കൂടി തന്മയത്വം ഉണ്ടെങ്കിലും സ്വയം ക്യാമറ നന്നായി പ്രവർത്തിപ്പിക്കാനുള്ള പ്രായം അവർക്ക് ആവാത്തതിനാൽ കുട്ടികളുടെ പപ്പയാണ് വീഡിയോ എടുക്കാൻ അവരെ സഹായിക്കുന്നത്.

മൂന്ന്‌ വയസ്സുമുതൽ എസ്സ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയതാണ്. കവിതകളും, പാട്ടുകളും, ഡാൻസുമാണ് എസ്സ സ്റ്റേജിൽ അവതരിപ്പിക്കുന്ന പരിപാടികൾ.

കുട്ടികളുടെ അമ്മൂമ്മ ഒരു അദ്ധ്യാപികയായിരുന്നു. എസ്സയുടെ സഭാകമ്പം മാറാനും ആത്മവിശ്വാസം കൂട്ടാനും ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് എസ്സയുടെ അമ്മൂമ്മയാണ്. പ്രോത്സാഹന സമ്മാനങ്ങളും വാക്കുകളും കുട്ടികളിലെ ആത്മവിശ്വാസം കൂട്ടാൻ വളരെയധികം സഹായിച്ചു.

അയർലൻഡ് ജീവിതം ആസ്വദിച്ചു തുടങ്ങിയ കുട്ടികൾ, അവരുടെ ചെറിയ ചെറിയ സന്തോഷങ്ങൾ എപ്പിസോഡുകളായി പോസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നിഷ്കളങ്കത നഷ്ടപ്പെടാതെ എഡിറ്റിങ് ചെയ്യാതെ വിഡിയോകൾ എടുക്കാനാണ് ശ്രമിക്കുന്നത്. കുട്ടികളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഇത് കുട്ടികളുടെ ആത്മവിശ്വാസം വളർത്താൻ സഹായിക്കുമെന്ന് എസ്സയുടെയും ഈവയുടെയും മാതാപിതാക്കളായ ഷിനോജ്ജും ജിയയും വിശ്വസിക്കുന്നു.

Share This News

Related posts

Leave a Comment