കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കുന്ന മാസ്ക് ഉടനെങ്ങും മാറ്റാനാവില്ലെന്ന് സൂചന. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവന. ഏറ്റവും കുറഞ്ഞത് വിന്റര്‍ സീസണ്‍വരെയെങ്കിലും മാസ്ക് ധരിക്കേണ്ടി വരുമെന്നും മാസ്ക് വേണമെന്ന നിബന്ധന അതിനു മുമ്പ് എടുത്തു മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ജൂലൈ മാസത്തോടെ എടുത്തുമാറ്റാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൂടി ദീര്‍ഘിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളില്‍ ചിലത് ഉടന്‍ എടുത്തുമാറ്റരുതെന്ന് വിദഗ്ദ ഉപദേശം ലഭിച്ചതായും ഡോണ്‍ലി വെളിപ്പെടുത്തി.
ജനങ്ങളെ ഒരും തരത്തിലും ബുദ്ധിമുട്ടിക്കാതെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും വാക്സിനേഷന് മികച്ച രീതിയില്‍ തന്നെ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം ആളുകള്‍ വാക്സിനെടുത്തു കഴിഞ്ഞാല്‍ മാത്രമെ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരൂമാനമെടുക്കൂ.
തിങ്കളാഴ്ച 5.15 p m ന് അവസാനിച്ച 24 മണിക്കൂറില്‍ 345 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 127 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 44 ആളുകള്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ്.