പഴയകാറിനെ പുതിയതാക്കാം

നിങ്ങളുടെ ഇഷ്ട വാഹനം പുതിയതായി എന്നും നിൽക്കാൻ ആഗ്രഹമില്ലേ? പഴയ കാർ ആണെങ്കിലും പളപളാ മിന്നും അതിന്റെ ബോഡി. ഇതിനു പിന്നിലെ സൂത്രപ്പണി എന്താണെന്ന് അറിയാമോ? സിറാമിക് കോട്ടിങ് ആണീ തിളക്കത്തിനു പിന്നിൽ.

എന്താണീ സിറാമിക് കോട്ടിങ്?

വാഹനത്തിന്റ െപയിന്റിങ് പുത്തൻ പോലെയിരിക്കാനും കൂടുതൽ തിളക്ക ത്തോടെയിരിക്കാനും പ്രയോഗിക്കുന്ന ഒരു പോളിഷിങ് അഥവാ കോട്ടിങ് മാർഗമാണിത്. സിലിക്കയെ അടിസ്ഥാനമാക്കി നിർമിക്കുന്ന മിശ്രിതങ്ങളാണ് കോട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഒന്നു മുതൽ ഒൻപതു ലെയറുകൾ വരെ ഈ കോട്ടിങ്ങിൽ ഉണ്ട്. അതായത്, കാശു ലാഭിക്കാനാണെങ്കിൽ ഒരു ലെയർ കോട്ടിങ് മാത്രം ചെയ്യാം. എന്നാൽ പ്രീമിയം വാഹനങ്ങളൊക്കെ ഒൻപതു ലെയറുകൾ വരെയുള്ള കോട്ടിങ് ആണു ചെയ്യുക. ഗുണമേൻമയിലെ പ്രകടമായ വ്യത്യാസം ലെയറുകൾ കൂടുമ്പോൾ അറിയാം.

എന്തിനു സിറാമിക് കോട്ടിങ് ചെയ്യണം?

നാം ഒരുപാട് ആഗ്രഹിച്ചാണ് ഒരു പുത്തൻ കാർ സ്വന്തമാക്കുന്നത്. അതിന്റെ ബോഡി നല്ല മിനുക്കത്തോടെ അത് വാങ്ങുമ്പോൾ കിട്ടുന്നത്. എന്നാൽ ഇതേ പുതുമ പിന്നീടു നിരത്തിലിറക്കിയാൽ കിട്ടാറുണ്ടോ? മിക്കവാറും കുറേനാൾ കഴിയുമ്പോൾ കളർ മങ്ങി തുടങ്ങും. സിറാമിക് കോട്ടിങ് ചെയ്താൽ അത് എന്നും പുത്തൻ പോലെയിരിക്കും. അങ്ങനെ ഉള്ളവർക്ക് സിറാമിക് കോട്ടിങ് ചെയ്യാം.

മറ്റു ഗുണങ്ങളെന്തെങ്കിലുമുണ്ടോ?

അയർലണ്ടിൽ വാഹനം പുറത്തു പാർക്ക് ചെയ്യുന്നവരാണു നമ്മളിൽ ഭൂരിഭാഗവും. പക്ഷികളും മറ്റും ബോണറ്റിൽ കയറിയിറങ്ങും. മാത്രമല്ല, മരങ്ങളിൽ നിന്നും വീഴുന്ന പൂവിൻറെ കറ പോലും നമ്മുടെ വാഹനത്തിന്റെ പെയിന്റിങ് ഫിനിഷ് കുറയ്ക്കും. പിന്നെ ചില ചെറുതട്ടലോ മുട്ടലോ ഉരസലോ വന്ന് വണ്ടിയുടെ മുഖശ്രീയിൽ വരവീഴും. ഇതെല്ലാം മറന്നേക്കൂ എന്നു പറയാനുള്ള ഒറ്റമൂലിയാണ് സിറാമിക് കോട്ടിങ്.

വെളളം പിടിക്കില്ല സിറാമിക് കോട്ടിങ് ചെയ്ത വാഹനങ്ങൾക്ക്. നല്ല കോട്ടിങ് ആണെങ്കിൽ ചേമ്പിലയിൽ വെള്ളം വീണാലെങ്ങനെയോ അങ്ങനെ വാഹനബോഡി ജലത്തെ തള്ളിക്കളയും. പൊടിയടിച്ചതൊക്ക ഒറ്റ വാഷിൽ ഇല്ലാതാക്കിക്കളയാം. ഇങ്ങനെ ഏറെ ഗുണങ്ങളുള്ളതാണ് സിറാമിക് കോട്ടിങ്. കാറിന്റെ നിറം വെയിലേറ്റു വാടാതിരിക്കാൻ കോട്ടിങ് സഹായിക്കും. ചെറിയ സ്ക്രാച്ചുകൾ മായ്ക്കാൻ വീണ്ടും ചെറുപോളിഷിങ്ങിലൂടെ സാധിക്കും. സിറാമിക് കോട്ടിങ് ചെയ്താൽ സ്ക്രാച്ച് പ്രൂഫ് ആണെന്ന് അർഥമില്ല.

ലോ ബജറ്റ് കാറുകൾ സിറാമിക് കോട്ടിങ് ചെയ്യണോ?

നിങ്ങളുടെ ബജറ്റ് അനുസരിച്ചാണ് സിറാമിക് കോട്ടിങ് ചെയ്യേണ്ടത്. ചെറു ബജറ്റിൽ ഒന്നോ രണ്ടോ കോട്ടിങ് ചെയ്യാം. പിന്നീട് ആ പുതുമ നിലനിർത്താൻ വേറെ ചില ട്രീറ്റ്മെന്റ് ചെയ്താൽ മതി. സിറാമിക് കോട്ടിങ്ങിനുശേഷം നിശ്ചിത കാലയളവിൽ വേണമെങ്കിൽ പിരീയോഡിക്കൽ മെയിന്റനൻസ് ചെയ്താൽ എന്നും വണ്ടി പുത്തൻ പോലിരിക്കും എന്നാണ് വിദഗ്ദർ പറയുന്നത്.

ചിലവ് എത്രയാകും?

ചെലവ് പല രീതിയിൽ ആവും. പലരും പല രീതിയിലാണ് തുക ഈടാക്കുന്നത്. ഒരു ലെയർ കോട്ടിങ്ങിനു ചുരുങ്ങിയത് 50 യൂറോ വരും. 50 യൂറോ മുതൽ 500 യൂറോ വരെ ക്വാളിറ്റി അനുസരിച്ചു ചിലവാകും.

നല്ല കോട്ടിങ് എങ്ങനെ മനസ്സിലാക്കാം?

ഒറ്റനോട്ടത്തിൽ ഒരുപോലെ തോന്നുമെങ്കിലും നല്ല രീതിയിൽ ചെയ്ത സിറാമിക് കോട്ടിങ് കണ്ടു പിടിക്കാനൊരു മാർഗമുണ്ട്. നമ്മുടെ കാറുകളിലേക്ക് ടോർച്ച് ലൈറ്റ് അടിച്ചാൽ, പ്രതിഫലിക്കുന്ന ടോർച്ചിന്റെ വട്ടത്തിനുചുറ്റം എട്ടുകാലിവല പോലെ രേഖകൾ കാണും. നമ്മുടെ വാഹനപരിപാലനത്തിന്റെ ബാക്കിപത്രമാണത്. സാധാരണരീതിയിൽ തുടയ്ക്കുന്നതിന്റെ ദോഷം. സിറാമിക് കോട്ടിങ് ചെയ്തുകഴിഞ്ഞാൽ ഈ എട്ടുകാലി വല കാണില്ല. ടോർച്ച് ലൈറ്റിന്റെ വട്ടം അതേപോലെതന്നെ കാണപ്പെടും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

വിദഗ്ധരെ മാത്രം സിറാമിക് കോട്ടിങ്ങിനായി സമീപിക്കുക. ആദ്യ കോട്ടിങ് കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ വണ്ടി തുടച്ചെടുക്കണം. ഇതിനുള്ള സമയത്തിൽ പാളിച്ച പറ്റിയാൽ വീണ്ടും കോട്ടിങ് ചെയ്യേണ്ട അവസ്ഥയൊക്കെയുണ്ടാകും. പിന്നെ വാഹനത്തിന്റെ പ്ലാസ്റ്റിക് പാർട്സുകൾ മറച്ചുവേണം കോട്ടിങ്മിശ്രിതം പ്രയോഗിക്കാൻ. വെളുക്കാൻ തേച്ചതു പാണ്ടായി എന്ന അവസ്ഥ ഉണ്ടാകരുത്. വിദഗ്ധരെ മാത്രം സമീപിക്കുക .

Share This News

Related posts

Leave a Comment