കൊറോണ ഭീതിക്കിടെയാണ് ഓരോ മലയാളിയും ഇത്തവണ ഓണം ആഘോഷിക്കുന്നത്. സ്വന്തം വീടുകളുടെ പരിമിതിക്കുള്ളിൽ നിന്ന് മാത്രമുള്ള ആഘോഷം :
ഓണോത്സവ ആഘോഷങ്ങളെ വരവേൽക്കാൻ മലയാള നാട് ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിൻറെ കാര്യമെടുത്താൽ കേരളത്തിലെ മറ്റേതൊരു ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ ഉത്സവം. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണിത്. മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി ഓണം എന്തുകൊണ്ട് ഇത്തരത്തിൽ എല്ലാവരുടെയും മനസ്സിന് ഉൾക്കൊള്ളാൻ സാധിക്കുന്ന ഒന്നായി മാറി എന്ന വസ്തുത നമുക്കറിയാം.
പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ചേരുമ്പോഴാണ് ഓരോ ഓണവും പൂർണ്ണമാകുന്നത്. പിന്നീട് അടുത്ത ഓണക്കാലത്തിനുള്ള കാത്തിരിപ്പാണ്. എന്നാൽ ഇത്തവണ മലയാളിക്ക് ഓണനാളുകൾ അത്ര ആഘോഷഭരിതമല്ല. കൊറോണക്കാലത്ത് എത്തിയ ഓണം. കൊവിഡ് 19 ഭീതിക്കിടയിലെ ഓണം. വീടുകളിൽ ഒതുങ്ങിയ ഓണം. ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. വീട്ടിലെ പരിമിതിക്കുള്ളിൽ നിന്നുള്ള ആഘോഷങ്ങൾ മാത്രം. അടുത്ത വർഷമെങ്കിലും ഈ വൈറസ് ഭീതിയിൽ നിന്ന് മുക്തരായി പഴയ ആർഭാടത്തോടെ ഓണം എന്ന പ്രതീക്ഷയാണ് ഓരോ മലയാളിയിലും.