കോട്ടയം ജില്ലയിൽ എരുമേലി മുക്കൂട്ടുതറ സ്വദേശി ഞൊണ്ടിമാക്കൽ എബിൻ ജോസഫ് എന്ന മലയാളി അയർലണ്ടിലെ ഹിക്വാ (HIQA – Health Information and Quality Authority) ഇൻസ്പെക്ടറായി സ്ഥാനമേറ്റു. അയർലണ്ടിൽ ആദ്യമായിട്ടാണ് ഒരു ഭാരതീയൻ ഈ നേട്ടം കൈവരിക്കുന്നത്. ഇത് മലയാളിയെന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാണ്.
2020 നവംബറിലാണ് അയർലണ്ടിലെ മലയാളികൾക്കെല്ലാം അഭിമാനകരമായ എബിൻ ജോസഫ് ഹിക്വാ (HIQA) ഇൻസ്പെക്ടർ ആയി ജോലി തുടങ്ങിയത്. 2009 ലാണ് എബിൻ ജോസഫ് അയർലണ്ടിലെത്തിയത്. എം.എസ്.സി. നഴ്സിംഗ് നാട്ടിൽ പൂർത്തിയാക്കി 2009 ൽ സ്റ്റാഫ് നഴ്സായി അയർലണ്ടിലെ കോർക്കിലെത്തിയ എബിൻ ജോസഫ് ആദ്യമായി സ്റ്റാഫ് നഴ്സായി ജോലി തുടങ്ങിയത് കോർക്കിലെ കെഹീറിൻ കെയർ സെന്ററിലാണ്. ഈ നഴ്സിംഗ് ഹോമിൽ മൂന്ന് വർഷം നഴ്സായി സേവനമനുഷ്ഠിച്ചശേഷം ഡാരാഗ്ലിൻ (Darraglynn) നഴ്സിങ് ഹോമിൽ ഡയറക്ടറായി നാല് വർഷം ജോലി ചെയ്തു. ശേഷം, 2016ൽ ക്രെമേഴ്സ് കോർട്ട് നഴ്സിങ് ഹോമിൽ ഡയറക്ടറായും പേഴ്സൺ ഇൻ ചാർജായും 2020 തുടക്കം വരെ സേവനം ചെയ്തിരുന്നു. പിന്നീട് ലാർച്ച് ഇന്റർനാഷണൽ ഇന്റലക്ച്വൽ ഡിസബിലിറ്റി സെന്ററിൽ പേഴ്സൺ ഇൻ ചാർജായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോളാണ് ഹിക്വാ ഇൻസ്പെക്ടറായി ജോലി ലഭിച്ചത്.
അയർലന്റിലുടനീളമുള്ള എല്ലാ സോഷ്യൽ കെയർ ഫെസിലിറ്റികളുടെയും പ്രവർത്തന നിലവാരം ഉറപ്പുവരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഒരു ഹിക്വാ ഇൻസ്പെക്ടരുടെ ദ്വത്യം. അയർലണ്ടിൽ ഒരു ദശകത്തിലധികം കാലം നഴ്സായി നേടിയ പ്രവർത്തി പരിചയം എബിനെ ഈ ജോലിയിലേക്കെത്താൻ സഹായിച്ചു.
ജോലിയ്ക്കപേക്ഷിച്ച ശേഷം ഇന്റർവ്യൂവും റിട്ടൺ എക്സാമും പാസ്സാവണം ഈ ജോലിയിലേക്കെത്താൻ. വളരെ ബുദ്ധിമുട്ടേറിയ ഇന്റർവ്യൂവും പരീക്ഷയും പാസ്സായത് തികച്ചും ഒരു ദൈവാനുഗ്രഹമായി കരുതുകയാണ് എബിൻ.
മംഗലാപുരത്തെ ഡോക്ടർ എം.വി. ഷെട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും ബി.എസ്.സി നഴ്സിംഗ് പാസായ ശേഷം നിറ്റ് കോളേജ് (Nitte College) ഓഫ് നഴ്സിംഗിൽ നിന്നും എം.എസ്.സി നഴ്സിംഗ് പാസ്സായി. പിന്നീട് അയർലൻഡിലെത്തിയ ശേഷം 2014-ൽ യൂണിവേഴ്സിറ്റി കോളേജ് കോർക്കിൽ നിന്നും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ജെറന്റോളോജി പൂർത്തിയാക്കി.
ഫാമിലി
എബിൻ കുടുംബത്തോടൊപ്പം അയർലണ്ടിലെ കോർക്കിൽ സ്ഥിരതാമസക്കാരനാണ്. ഭാര്യ ആഷ ജോസഫ് ഡാരാഗ്ലിൻ നഴ്സിങ് ഹോമിൽ നഴ്സായി ജോലി ചെയ്തു വരുകയാണ്. മക്കൾ ഏബൽ, അനബെല്ല, ആൻജെലീന എന്നിവർ കാരിഗ്ഗലയിൻ (Carrigaline) ഹോളിവെൽ നാഷണൽ സ്കൂൾ വിദ്യാർത്ഥികളാണ്.
ഈ ജോലിയിലേക്കുള്ള യാത്രയിൽ പലതരത്തിൽ സഹായവും പ്രോത്സാഹനവും ചെയ്ത് കൂടെ നിന്ന അയർലണ്ടിലെ എല്ലാ സുഹൃത്തുക്കൾക്കും എബിൻ പ്രത്യേകം നന്ദിയറിയിച്ചു.
മാതാപിതാക്കളെയും പൂർവ്വ അദ്ധ്യപകരെയും സ്നേഹത്തോടെ ഓർക്കാനും എബിൻ ഈ വിജയ നിമിഷത്തിൽ മറന്നട്ടില്ല.
അയർലണ്ടിലെ ഓരോ മലയാളിയ്ക്കും അഭിമാനിക്കാൻ സാധിക്കുന്ന വിജയമാണ് എബിന്റേത്. നമ്മുടെ ഓരോരുത്തരുടെയും ആശംസകൾ എബിന് നേരാം.