പുറം രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്നവര്‍ നിശ്ചിത ദിവസം ഹോട്ടല്‍ ക്വാറന്റീനീല്‍ കഴിയണമെന്ന നിബന്ധന എടുത്തു മാറ്റുമോ അതോ തുടരണോ എന്ന കാര്യത്തില്‍ ഈ ആഴ്ച തീരുമാനമുണ്ടാകും. ഈ വിഷയം പാര്‍ലമെന്റ് ഈ ആഴ്ച ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ക്വാറന്റീന് നീട്ടുന്ന കാര്യം പരിഗണിക്കുന്നത്. വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ കാര്യത്തിലെങ്കിലും ക്വാറന്റീന് മുന്നോട്ട് നീട്ടാന്‍ തന്നെയാണ് സാധ്യത.
യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്കായി വാക്സിന് പാസ്പോര്‍ട്ട് എന്ന പുതിയ ആശയം മുന്നോട്ടു വയ്ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇത്തരം പാസ്പോര്ട്ടുകള് ഉള്ളവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയേക്കും. എന്നിരുന്നാലും അനാവശ്യ യാത്രകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റിനു മുമ്പേ എടുത്തുമാറ്റുന്നതിനോട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനകം എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജൂണ്‍ -ജൂലൈ മാസത്തോടെ രാജ്യത്തെ ടൂറിസം മേഖലയ്ക്കും ഇതിലൂടെ സമ്പത്തീക രംഗത്തിനും കൂടുതല്‍ ഇളവ് നല്കാന് സര്‍ക്കാര്‍ ആലോചനകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കൊറോണയുടെ പുതിയ വകഭേദങ്ങള്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.