അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ജൂണ്‍ അവസാനത്തോടെ കൂടുതല്‍ എളുപ്പമാക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍. വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാക്‌സിന്‍ എടുക്കാനും സാധിക്കും എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ജൂണ്‍ അവസാനത്തോടെ സാധ്യമാകുമന്നൊണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പ്രായം കൂടിയവര്‍ മുതലാണ് വാക്‌സിന്‍ നല്‍കി വരുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രായപരിധിയിലുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വാക്‌സിന്‍ എടുക്കുകയുമാണ് നിലവിലെ രീതി. അയര്‍ലണ്ടില്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ വിജയകരമായാണ് നല്കി വരുന്നത്. യുകെയെക്കാള്‍ വേഗത്തില്‍ അയര്‍ലണ്ടാണ് വാക്‌സിനുകള്‍ നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ വ്യപകമാക്കുന്നതിനൊപ്പം സാമ്പത്തികരംഗത്തിന് ഉണര്‍വ് നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും സാമ്പത്തീകമേഖല സ്ഥിരത കൈവരിക്കുന്നതുവരെ ഇതു തുടരുകയാണ് സര്‍ക്കാര്‍ ലക്ഷൃമെന്നും വരദ്ക്കര്‍ പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ സാമ്പത്തീക മേഖലയിലെ നിലവിലെ മാന്ദ്യം മാറും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.