വാട്‌സ്ആപ്പില്‍ പുത്തന്‍ അപ്‌ഡേറ്റുമായി മാതൃകമ്പനിയായ മെറ്റ. ടെലഗ്രാമിലേയും ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്കും സമാനമായ ചാനല്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍. 150 രാജ്യങ്ങളില്‍ നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.
അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് മെറ്റ നിലവില്‍ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള്‍ അറിയാനും ചാനല്‍ സംവിധാനത്തിലൂടെ സാധിക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് ചാനല്‍ സൗകര്യം ലഭ്യമാവുക. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്.
വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്‌ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുമ്പോള്‍ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ ഒരു ചാനല്‍ പിന്തുടരാന്‍ സാധിക്കും. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്സാപ്പില്‍ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കള്‍ക്ക് ചാനല്‍ പിന്തുടരാം. ഇന്‍സ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികള്‍ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാന്‍ കഴിയുക. യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്‌ഡേറ്റുകള്‍ അറിയാനും ഇതിലൂടെ കഴിയും. വാട്‌സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്ട് ആക്കി മാറ്റാന്‍ പുതിയ ചാനല്‍ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്. അതേസമയം ചാനലില്‍ പങ്കാളിയാകുന്നവനരുടെ പ്രൊഫൈല്‍ അഡ്മിന് മാത്രമായിരിക്കും കാണാന്‍ കഴിയുക. ചാനലില്‍ ഉള്ള മറ്റംഗങ്ങള്‍ക്ക് മറ്റുള്ളവരുടെ ഫോണ്‍ നമ്പറോ പ്രൊഫൈലോ കാണാന്‍ കഴിയില്ല.
ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമേ കാണാന്‍ കഴിയു. അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും. ഒരു ചാനല്‍ ഫോളോ ചെയ്യുന്നത് നിര്‍ത്തണമെങ്കില്‍, ഏത് സമയത്തും മ്യൂട്ട് ചെയ്യുകയോ അണ്‍സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യാവുന്നതുമാണ്. പ്രമുഖ താരങ്ങള്‍, സ്‌പോര്‍ട്‌സ് ടീമുകള്‍, കലാകാരന്‍മാര്‍, നേതാക്കള്‍, സ്ഥാപനങ്ങള്‍ തുടങ്ങി പലരും ഇതിനോടകം തന്നെ വാട്‌സ്ആപ്പ് ചാനലില്‍ എത്തിക്കഴിഞ്ഞു. സിനിമാതാരങ്ങളായ
കേരളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ചാനല്‍ തുടങ്ങിയ വിവരം തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ചാനല്‍ തുടങ്ങിയിട്ടുണ്ട്.